തിരുവനന്തപുരം: സലീം കുമാറിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. തൻ്റെ ജീവിതത്തിൽ ഏറെ സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു സലീം കുമാറെന്നും കൂടെപ്പിറപ്പ് കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാർ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരൻ. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല.
അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല പറവൂരുകാരുടെ മുഴുവൻ മനസിൽ. ഹാസ്യം മാത്രമല്ല ഏത് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ. എത്രമേൽ നമ്മെ സന്തോഷിപ്പിച്ചുവോ അതിലേറെ കരയിച്ച കഥാപാത്രങ്ങളെയും അദ്ദേഹം അനായസം അവതരിപ്പിച്ചു. പ്രതിഭാ സമ്പന്നതയും വ്യക്തി ബന്ധങ്ങളിൽ അതിലേറെ ആത്മാർത്ഥതയും കാട്ടിയ പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം.
വടക്കന്‍ പറവൂരിന്റെ അഭിമാനമായിരുന്നു സലിം കുമാര്‍. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചലച്ചിത്ര മേഖലയിലെ പലരും നിലപാട് പറയാന്‍ മടിച്ചു നിന്നപ്പോഴും ഒന്നും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയം പൊതുവേദികളില്‍ തുറന്നു പറയാന്‍ അദ്ദേഹം തയാറായി. ദാരിദ്രവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച് ദേശീയ പുരസ്കാര നിറവില്‍ എത്തിയ കലാകാരന്. ഒസ്കാര്‍ നോമിനേഷനിലേക്കു വരെ എത്തിയ പ്രതിഭ. എന്റെ തിരഞ്ഞെടുപ്പുകളിലൊക്കെയും തിരഞ്ഞെടുപ്പ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നു. അത് തന്റെ മാത്രം അവകാശമായി അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റെടുക്കുകയും ചെയ്തു. ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഉദ്ഘാടകന്‍. എന്റെ വിജയത്തിലും സ്ഥാനലബ്ധിയിലും ഇത്രയേറെ സന്തോഷിച്ച കൂടപ്പിറപ്പ്. സന്തോഷം നിറഞ്ഞ ആ മുഖം മാത്രമാണ് മനസില്‍. മറക്കാനാകുന്നില്ല.

