കോഴിക്കോട് നടന്ന റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നേയുള്ളൂ.
ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയത് കുന്ദമംഗലത്ത് നടത്തിയ റെയ്ഡിലാണ്. കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തെന്ന വിവരമുണ്ട്. പോലീസ് പരിശോധന നടത്തുമ്പോള്‍ വീട്ടില്‍ ആരും തന്നെ ഇല്ലായിരുന്നു. പിലാശ്ശേരി സ്‌കൂളിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചത്, ഈ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്നതിനുപയോഗിച്ച മെഷീനും പോലീസ് കണ്ടെത്തി.
കോഴിക്കോട് സ്വദേശി ഷമീര്‍ ഉള്‍പ്പെടെ നാലുപേരെയാണ് ആറ്റിങ്ങലില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് നാല് ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് റെയ്ഡുകള്‍ പൊലീസ് നടത്തിയത്.