തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ അഞ്ച് പ്രതികൾക്കും തിരിച്ചടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആദ്യ ഘട്ടത്തിൽ പിടിയിലായ നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 25 പേരെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കുറ്റം ഗുരുതരമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ഒരു നേതാവിൻ്റെ വീട്ടിലെത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയെന്നടക്കമുള്ള കാര്യങ്ങളാണ് കോടതി നിരീക്ഷിക്കുന്നത്. അത്തരത്തിൽ പദ്ധതിയിട്ട് തന്നെ ആക്രമണം നടത്തിയെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
സംഭവത്തിൽ പൊലീസിൻ്റെ വീഴ്ച അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ പോകുന്ന സമയത്ത് പൊലീസ് കൃത്യമായ സുരക്ഷ ഒരുക്കിയിരുന്നില്ല. വളരെ കുറവ് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു

