ഫറോക്ക്: ലഹരി ഉപയോഗത്തിനും ലഹരി വ്യാപനത്തിനുമെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഫറോക്ക് സബ് ഡിവിഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഘോഷയാത്രയും ബോധവത്കരണ സദസ്സും സംഘടിപ്പിച്ചു.
ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ചന്ദ്രിക, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ, ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ. പ്രേംജിത്ത് എന്നിവർ ചേർന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എസ്.പി.സി., എൻ.സി.സി. കേഡറ്റുകൾ, വിവിധ അക്കാദമികളിലെ കരാട്ടെ വിദ്യാർഥികൾ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.
ഫറോക്ക് ബസ് സ്റ്റാൻഡിൽ വിദ്യാർഥികളുടെ കരാട്ടെ, ആയോധനകലാ പ്രകടനങ്ങൾ അരങ്ങേറി. തുടർന്ന് ഫറോക്ക് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന പൊതുയോഗത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ ചന്ദ്രിക ഉദ്ഘാടനം നിർവഹിച്ചു.
ഫറോക്ക് ഇൻസ്പെക്ടർ ലതീഷ് സ്വാഗതം ആശംസിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലനും എസ്.പി.സി. കേഡറ്റ് നിരഞ്ചൻ എസ്.ബിയും ലഹരി വിരുദ്ധ സന്ദേശം നൽകി. കോഴിക്കോട് ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷിഹാബുദ്ദീൻ ലഹരി ഉപയോഗത്തിന്റെ ആരോഗ്യപരവും സാമൂഹികവുമായ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
ഫറോക്ക് മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷബീറലി, രാമനാട്ടുകര മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ മിജുഷ, കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഗണേഷ്, രാമനാട്ടുകര മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ കെ.പി., ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ താരാബാബു, ഹെഡ്മാസ്റ്റർ സ്റ്റീവി കെ.പി., ബേപ്പൂർ ഇൻസ്പെക്ടർ സുബാഷ് ബാബു, ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫറോക്ക് എസ്.ഐ. ഫിറോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പന്തീരങ്കാവ് സി.ഐ. ശ്രീകുമാറും ഫറോക്ക് എസ്.ഐ. സജിനിയും ചേർന്ന് വിദ്യാർഥികൾക്ക് സ്നേഹോപഹാരമായി ക്രിക്കറ്റ് ബാറ്റ്, ക്രിക്കറ്റ് ബോൾ, ഫുട്ബോൾ എന്നിവ വിതരണം ചെയ്തു. നല്ലളം എസ്.എച്ച്.ഒ. ഷൈജു സി. നന്ദി രേഖപ്പെടുത്തി.
പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. യുവജനങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണം വളർത്തുന്നതിനും ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും പരിപാടി സഹായകമായി.
ഫറോക്കിൽ ലഹരി വിരുദ്ധ ഘോഷയാത്രയും ബോധവത്കരണ സദസ്സും

