കോഴിക്കോട് പയ്യോളിയില്‍ ദേശീയപാതയില്‍ മൂരാട് നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌ക മരിച്ചു. മൂരാട് താനാട്ട് സ്വദേശിനി മോളി(52) ആണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ പൊയിനൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. നിര്‍ദ്ദിഷ്ട ദേശീയപാതയുടെ മധ്യത്തിലായി സ്ഥാപിച്ച ഡിവൈഡറിന് സമീപം റോഡ് മുറിച്ചുകടക്കാനായി കാത്തുനില്‍ക്കുകയായിരുന്നു മോളി. ഈ സമയം വടകര ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും മോളിയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.

