നമ്മൾ അറപ്പോടും വെറുപ്പോടും കാണുന്ന വർഗീയതയുടെ വിളനിലമായി കേരളവും മാറികൊണ്ടിരിക്കയാണ്. അനേകം നൂറ്റാണ്ടുകളായി സഹോദര്യത്തോടും സന്തോഷത്തോടും ജീവിച്ചുവന്നിരുന്ന കേരളത്തെ ഒരു കലാപ ഭൂമിയായി തീർക്കാൻ ഹിന്ദു മുസ്ലിം വർഗീയവാദികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. ഏത് വിഷയത്തെയും വർഗീയമായി സമീപിക്കുന്ന നല്ല സ്വാദീനമുള്ള ഒരു ചെറിയ വിഭാഗം ഇന്ന് മത സമൂഹങ്ങളിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്.
വാരിയംകുന്നേൽ മുസ്ലിങ്ങൾക്ക് ആരാധിക്കപ്പെടാവുന്ന വ്യക്തിത്വമോ, ഹിന്ദു സമുദായത്തിന് എതിർക്കപ്പെടേണ്ട വ്യക്തിത്വമോ അല്ല. സാധാരണക്കാരനായ യുദ്ധപ്രാവീണമോ സംഘടനാ പരമായ വലിയ കഴിവുള്ള വ്യക്തിയായിരുന്നില്ല വാരിയംകുന്നേൽ.പക്ഷെ ധീരനായ ഒരു പടയാളിയായിരുന്നു വാരിയംകുന്നേൽ. അതുകൊണ്ട് തന്നെ മാപ്പെഴുതികൊടുക്കാൻ പറഞ്ഞപ്പോൾ കൂട്ടാക്കാതെ മരണം വരിക്കാൻ തയാറായിരുന്നു. 1923 ജനുവരി 6ആം തിയതിയാണ് വാരിയംകുന്നേലിനെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്യുന്നത് .
ബ്രിട്ടീഷുകാർ തുർക്കിയിലെ കലീഫയിറ്റ് തകർത്തത് ലോക മുസ്ലിംകളുടെ ഇടയിൽ വലിയ വേദനയും രോഷവും ഉണ്ടാക്കി. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യ സമരം ശക്തിപ്പെടുന്ന കാലഘട്ടമായിരുന്നു ഇത്. ഇന്ത്യൻ മുസ്ലിംകളുടെ ബ്രിട്ടനെതിരായ ഈ വൈകാരികമായ എതിർപ്പ് നമ്മുടെ സ്വാതന്ത്ര്യസമരത്തിന് ഊർജം പകരുമെന്ന് കണക്കുകൂട്ടി ആലി സഹോദരന്മാരുടെ നേതൃത്വത്തിലുള്ള ഖിലാഫത്ത് മൂവ്മെന്റിന് ഗാന്ധിജി അടക്കം പിന്തുണ നൽകുകയും ചെയ്തു. കേരളത്തിൽ ഖിലാഫത് മൂവ്മെന്റ് ശക്തമായ സായുധ സമരമായി മാറി.
വള്ളുവനാട് ഏറനാട് താലൂക്കുകളിലെ മഹാ ഭൂരിപക്ഷം വരുന്ന പാവപെട്ട മുസ്ലിങ്ങളും സവർണ ഹിന്ദു ജന്മിമാരുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും കൊടിയ ചൂഷണത്തിന് ഇരയായിരുന്നു. ഈ ജന്മിമാർ ബ്രിട്ടീഷ് ഭരണത്തിന്റെ ആശ്രിതരും ഒറ്റുകാരുമായിരുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടീഷുകാർക്ക് എതിരായി വേണ്ട മുന്നൊരുക്കങ്ങളോ പദ്ധതികളോ സംഘടനാ രൂപമോ ഇല്ലാത്ത ഈ വിപ്ലവം ഒരു കലാപമായി മാറുകയും അതിന്റെ അവസാന ഘട്ടത്തിൽ വർഗീയ ചായയും വർഗീയ അതിക്രമങ്ങളും ഉണ്ടാവുകയും ചെയ്തു. കലാപകാരികൾ ബ്രിട്ടീഷ് ഏജന്റുമാരായിരുന്ന മുസ്ലിം ഉദ്യോഗസ്ഥരെയും പ്രമാണിമാരെയും കൊലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്(മുസ്ലിംമായ ചെകൂട്ടി അധികാരിയെ കൊലപ്പെടുത്തുകയും കൊണ്ടോട്ടി തങ്ങളെ ആക്രമിക്കുകയും ചെയ്തു ) . അതെല്ലാം തന്നെ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഏജന്റ്മാരും ഒറ്റുകാരും ആയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്.
ഒരു കാർഷിക വിപ്ലവമായി ഖിലാഫത് പ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങിയ ഈ കലാപം വർഗീയതയിലേക്ക് വഴുതി പോയപ്പോൾ ഖിലാഫത്തിന് പിന്തുണ കൊടുത്ത കോൺഗ്രസ് നേതാക്കളായ മൊഹമ്മദ് അബ്‍ദു റഹിമാൻ സാഹിബും, കെ കേളപ്പനും സമരത്തെ എതിർത്തുകൊണ്ട് പരസ്യമായി രംഗത്തുവന്നു. ആദ്യഘട്ടത്തിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനേ പോലുള്ള ഹിന്ദുക്കളും ഈ സമരത്തിനുമുമ്പിൽ ഉണ്ടായിരുന്നു. ബ്രൂട്ടീഷ്കാർക്കും ചൂഷകരായ സവർണ്ണ ജന്മിമാർക്കും മറ്റ് ബ്രിട്ടീഷ് ഏജന്റുമാർക്കെതിരെ നടത്തിയ കലാപം വഴി തെറ്റി അനിഷ്ടകരമായ വർഗീയതയിലേക്ക് വീണുപോയതാണ്.
അതുകൊണ്ടുതന്നെ വാരിയംകുന്നേൽ കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ളവരെ വർഗീയവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇത്തരം വേണ്ടത്ര പ്ലാനിംഗും സംഘടനാരൂപമില്ലാത്ത ഏതൊരു കലാപത്തിനും അനിഷ്ട്ട സംഭവങ്ങളും നിരപരാധികൾ കൊല്ലപെടുന്നതും സാധാരണമാണ്. വാരിയംകുന്നേൽ മുസ്ലിം വർഗീയതയുടെ പ്രതിരൂപമായി കാണുന്നത് ശരിയല്ല. ചരിത്രത്തിന്റെ എന്തെങ്കിലും കറുത്ത പേജുകൾ എടുത്തുകാട്ടി വീണ്ടും വീണ്ടും വിദ്വേഷം ഉണ്ടാകുന്നതിനുപകരം നമുക്ക് കഴിഞ്ഞ ആയിരം വർഷങ്ങളായി സഹോദരങ്ങളായി ജീവിച്ച നമുക്ക് ആ നല്ല നാളുകളെ കുറിച്ച് സന്തോഷത്തോടെ ഓർമിക്കാം. നമ്മുടെ മനസ്സ് വിദ്വേഷങ്ങളിലാത്ത സ്നേഹ ശാദ്വല തീരമാകട്ടെ. നമ്മെ ഭിന്നിപ്പിക്കാനും കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ തന്ത്രങ്ങളിൽ നാം വീണുപോകാതിരിക്കട്ടെ.

