കൊച്ചി: ലഷ്കർ ഇ തൊയിബ ഭീകരവാദാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷിച്ച് കൊണ്ടിരുന്ന തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് പോലീസ് അബ്ദുല്‍ ഖാദര്‍ റഹീമിനെ അറസ്റ്റ് ചെയ്തത്.
തീവ്രവാദവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് അന്വേഷിക്കുകയാണെന്നും കോടതി മുഖേന തന്നെ കീഴടങ്ങാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് അബ്ദുല്‍ കോടതിയിലെത്തിയത്. എന്നാൽ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പോലീസ് കോടതിയിലെത്തി അബ്ദുല്‍ ഖാദറിനെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ തനിക്ക് ഭീകരബന്ധമില്ലെന്നും നിരപരാധിത്വം ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് കോടതിയില്‍ ഹാജരാകുന്നതെന്നും അബ്ദുല്‍ഖാദര്‍ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.
ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശമുണ്ടായിരുന്നു. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം ലഷ്‌കറെ ത്വയ്ബയുടെ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൃശൂരില്‍ നിന്ന് ഒരു സ്ത്രീയെ കേരള പൊലീസ് കസ്റ്റഡിലെടുത്തു. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ ലഷ്‌കര്‍ സംഘത്തിലെ മലയാളിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്.