കുന്ദമംഗലം: നിയോജകമണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രളയത്തിന്‍റെ ഭാഗമായി മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിന് പെരുമണ്ണ ഗ്രാമ പഞ്ചായത്തില്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എല്ലാ വീടുകളും പരിശോധിച്ച് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ആക്ഷേപങ്ങള്‍ക്കിടയില്ലാതെ അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും അനുകൂല്യങ്ങള്‍ ലഭ്യമാക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
വെള്ളപ്പൊക്ക ബാധിത ഭാഗങ്ങളില്‍ ഫ്ളഡ് ലെവല്‍ പരിശോധിച്ച് റോഡുകളുടെ ഉയരം കൂട്ടുന്നതിന് നടപടി സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദുരിതബാധിത പ്രദേശങ്ങള്‍ പുനരുദ്ധീകരിക്കും. നേരത്തെ ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരം ലഭിച്ച പദ്ധതികളില്‍ അടിയന്തിര സ്വഭാവമില്ലാത്തവ മാറ്റി പകരം ദുരിത ബാധിത ഭാഗങ്ങളിലെ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കി പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന് തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്മാര്‍ മുന്‍കയ്യെടുക്കുന്നതിനും തീരുമാനിച്ചു.
അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നടപ്പിലാക്കേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച വിശദീകരണം നല്‍കി. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അജിത അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിജി മുപ്രമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ കെ. തങ്കമണി, ഷൈജ വളപ്പില്‍, വൈ.വി ശാന്ത, കെ.എസ് ബീന സംസാരിച്ചു. എ.ഡി.സി ജനറല്‍ നിബു ടി.കുര്യന്‍ സ്വാഗതം പറഞ്ഞു.