മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്നാഥ് ഖഡ്സെ പാര്‍ട്ടി വിടുന്നു. എന്‍.സി.പിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടീല്‍ അറിയിച്ചു.
ഖഡ്സെയുടെ രാജി സ്ഥിരീകരിച്ച ബി.ജെ.പി രാജിക്കത്ത് ലഭിച്ചതായും അറിയിച്ചു. ഏക്നാഥ് ഖഡ്സെ ആയിരുന്നു ഞങ്ങളുടെ നേതാവ്. ഇന്ന് രാവിലെ വരെ അദ്ദേഹം ബി.ജെ.പിയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാവി യാത്രക്ക് ആശംസകള്‍ നേരുന്നുഎന്ന് ബി.ജെ.പി വക്താവ് കേശവ് ഉപാധ്യയ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്ട്രയിലെ ബി.ജെ.പി ക്യാമ്പില്‍ അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. ഒപ്പം ഖഡ്സെ ഉടന്‍ തന്നെ എന്‍.സി.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. നവരാത്രി ഉത്സവ സമയത്ത് എന്‍.സി.പിയില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖഡ്സെ ബി.ജെ.പിയില്‍ നിന്നും രാജിവച്ചുവെന്നായിരുന്നു ഞായറാഴ്ച പുറത്തു വന്ന പുതിയ വാര്‍ത്ത. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ ഇതെല്ലാം തള്ളുകയായിരുന്നു.ഖഡ്സെ ബി.ജെ.പി വിട്ടെന്ന വാര്‍ത്തയെ സ്വാഗതം ചെയ്ത ശരത് പവാര്‍ ബി.ജെ.പിയെ കെട്ടിപ്പെടുക്കുന്നതില്‍ ഖഡ്സെക്കുള്ള പങ്ക് വലുതാണെന്നായിരുന്നു പറഞ്ഞു. ധനകാര്യ മന്ത്രിയായിരുന്ന ഖഡ്സെ മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും പവാര്‍ പറഞ്ഞു.