കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാല്‍ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ മാസങ്ങള്‍ക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവില്‍ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.
നേരത്തെ, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ റാമിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. നിതിന്‍ രാജ് ക്ലാസ്മുറിക്കുള്ളില്‍ അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി. സഹപാഠികള്‍ക്ക് മുന്നില്‍വെച്ച് ഇത്തരത്തില്‍ അധിക്ഷേപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

