കാസര്‍കോട് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കല്യാണ്‍ റോഡില്‍ ക്രൈസ്റ്റ് സ്കൂളിന് സമീപം സര്‍വീസ് റോഡാണ് ഇടിഞ്ഞത്. ആറുവരിപ്പാത നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ചെങ്കള- നീലേശ്വരം റീച്ചിലാണ് സര്‍വ്വീസ് റോഡ് തകര്‍ന്നത്.
രാത്രി മുതല്‍ പെയ്ത മഴയില്‍ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ സര്‍വീസ് റോഡ്
ഇന്ന് രാവിലെ ഇടിഞ്ഞു വീഴുകയായിരുന്നു. കനത്ത മഴ അനുഭവപ്പെട്ടതോടെ കാസര്‍കോട് ജില്ലയില്‍ ദേശീയപാതയിലും സര്‍വ്വീസ് റോഡുകളിലും വെള്ളക്കെട്ടാണ്.
അതേസമയം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയല്‍ വികസിച്ച് വിള്ളല്‍ ഉണ്ടായതോടെയെന്ന് എന്‍എച്ച്ഐ പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുള്‍ ശര്‍മ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ മൂലം, അടിത്തറയില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് അപകടകാരണമെന്നും ഇതുമൂലം വയല്‍ വികസിച്ച് വിള്ളല്‍ ഉണ്ടായി മണ്ണ് തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും നിര്‍മ്മാണത്തില്‍ അശാസ്ത്രീയതകളില്ലെന്നും അന്‍ഷുള്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

