കുന്ദമംഗലം: നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്ദമംഗലം മജിസ്ട്രേറ്റിന്‍റെ ക്വാര്‍ട്ടേഴ്സിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. കുടിവെള്ള കണക്ഷന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.
നിസാം നിര്‍വ്വഹിച്ചു.
കുന്ദമംഗലത്ത് പോലീസ് സ്റ്റേഷനും കോടതിയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ നിയോജകണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോലീസ് സ്റ്റേഷന് വേണ്ടി നിര്‍മ്മിച്ചു വരുന്ന കെട്ടിടത്തിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോഴുള്ള കെട്ടിടം കോടതിക്ക് മാത്രമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഒരു നൂറ്റാണ്ട് പഴക്കമുള്ള കുന്ദമംഗലം കോടതി കെട്ടിടത്തിന്‍റെ പൈതൃകം സംരക്ഷിച്ചുകൊണ്ട് ആയത് നവീകരിക്കുന്നതിന് 1 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആയതിന് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍
സ്വീകരിച്ചുവരികയാണ്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് ഇക്കഴിഞ്ഞ ഡിസംബര്‍ 24 ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ശഫീഖ് ഉദ്ഘാടനം ചെയ്തതോടെയാണ് ആരംഭം കുറിച്ചത്. കോടതിയിലേക്കും പോലീസ് സ്റ്റേഷനിലേക്കുമുള്ള റോഡ് പ്രവൃത്തി പ്രസ്തുത പരിപാടിയുടെ ഭാഗമായി നവീകരിച്ചിരുന്നു. ഇതിനായി എം.എല്‍.എ മുഖേന 4.10 ലക്ഷം രൂപയാണ്
അനുവദിച്ചിരുന്നത്.
കുടിവെള്ള കണക്ഷന്‍ ഉദ്ഘാടന ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം.
മുസ്തഫ, കെ.ഡബ്ല്യു.എ അസി. എഞ്ചിനീയര്‍ പി. മുനീര്‍ അഹമ്മദ് സംബന്ധിച്ചു.

