കോഴിക്കോട്: നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സര്‍വേക്ക് തുടക്കമായി. കഴിഞ്ഞ ജൂണ്‍ പകുതിയോടെ തുടങ്ങിയ സര്‍വേയില്‍ കരിക്കാംകുളം — സിവില്‍ സ്‌റ്റേഷന്‍, മാങ്കാവ്–പൊക്കുന്ന്–പന്തീരാങ്കാവ് റോഡുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ 10 റോഡുകളും ഒരു മേല്‍പ്പാലവുമാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങള്‍, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ബലം, ഓടകള്‍ തുടങ്ങി റോഡുമായി ബന്ധപ്പെട്ടവയുടെ സ്ഥലവിവരങ്ങളാണ് എടുക്കുന്നത്. ഇതടിസ്ഥാനപ്പെടുത്തിയാണ് ഡിപിആര്‍ തയ്യാറാക്കുക. 10 റോഡുകളിലെ മൂന്നെണ്ണത്തിന്റെ ഡിപിആര്‍ ഒന്നാം ഘട്ടത്തിനൊപ്പം തയ്യാറാക്കിയിരുന്നു. അതൊഴികെ ഏഴെണ്ണത്തിന്റെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. സിനര്‍ജി ആര്‍ക്കിടെക്ട് ആന്‍ഡ് എന്‍ജിനിയേഴ്‌സ് എന്ന കമ്പനിയാണ് സര്‍വേ നടത്തുന്നത്. രണ്ടരമാസത്തിനകം ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് ഹൈവേ എന്‍ജിനിയര്‍ എബിന്‍ നിര്‍മല്‍ ജോസഫ് പറഞ്ഞു. തുടര്‍ന്ന് പിഡബ്ല്യൂഡി ഡിപിആര്‍ തയ്യാറാക്കി റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറും. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും.
നേരത്തെ ആരംഭിക്കേണ്ടിയിരുന്ന നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെയാണ് വൈകിയത്. 35 കിലോമീറ്റര്‍ നീളത്തിലാണ് റോഡ് നവീകരണം. മാനാഞ്ചിറ–പാവങ്ങാട്, പുതിയങ്ങാടി–തണ്ണീര്‍പന്തല്‍, വെസ്റ്റ്ഹില്‍ ചുങ്കം–ഭട്ട്‌റോഡ്, മിനി ബൈപാസ്–പനാത്ത് താഴം, മാങ്കാവ്–പൊക്കുന്ന്–പന്തീരാങ്കാവ് റോഡ്, കല്ലുത്താന്‍ കടവ്–മീഞ്ചന്ത, കോതിപ്പാലം–ചക്കുംകടവ്–പന്നിയങ്കര, നേരത്തെ ഡിപിആര്‍ തയ്യാറാക്കിയ മൂഴിക്കല്‍–കാളാണ്ടിതാഴം, കോവൂര്‍–മെഡിക്കല്‍ കോളേജ്–മുണ്ടിക്കല്‍ത്താഴം, കരിക്കാംകുളം–സിവില്‍ സ്‌റ്റേഷന്‍–കോട്ടൂളി എന്നിവയാണ് രണ്ടാം ഘട്ടത്തിലെ റോഡുകള്‍. ഈ റോഡുകളില്‍ ചില ഭാഗങ്ങള്‍ കിഫ്ബിവഴി ചെയ്യുന്നുണ്ട്. അതിനാല്‍ 10 റോഡുകളുടെ നീളത്തില്‍ കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ ഉണ്ടാകും.