തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ മാണിക്കം (31) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കുളിത്തലൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിത്തലൈയ്ക്ക് സമീപത്തെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സമീപവാസിയായ മാണിക്കം കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാന്‍ മാതാവ് മാണിക്കത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അവിടെവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു. സംഭവത്തെക്കുറിച്ച് കുട്ടി മുത്തശ്ശിയോട് പറഞ്ഞതോടെയാണ് യുവാവിനെ തേടി മുത്തശ്ശി ഇറങ്ങിയത്.
വെള്ളിയാഴ്ച കുളിത്തലൈ ടൗണില്‍ മാണിക്കം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുത്തശ്ശി വെട്ടുകത്തിയുമായി സ്ഥലത്തെത്തി. കുളിത്തലൈ ടോള്‍ ഗേറ്റിന് സമീപത്തെ ചായക്കടയില്‍ മാണിക്കത്തെ കണ്ടതോടെ പിന്നാലെ ഓടിയെത്തിയ മുത്തശ്ശി റോഡിലൂടെ ഇയാളെ വലിച്ചിഴച്ച് പലതവണ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മുത്തശ്ശിയെ പിന്തുടര്‍ന്നെത്തിയ കുട്ടിയുടെ ബന്ധുക്കളും മാണിക്കത്തെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുളിത്തലൈ പൊലീസ് മുത്തശ്ശിയെ കസ്റ്റഡിയിലെടുക്കുകയും വെട്ടുകത്തി പിടിച്ചെടുക്കുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്ന മാണിക്കത്തിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

