ന്യൂ ഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതു കോൺഗ്രസിനെ വെട്ടിലാക്കിയതോടെ സംഭവത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. വിഷയം വിവാദമാക്കേണ്ടതില്ലെന്നും ഗാനം മുഴുവൻ ചൊല്ലിയതിൽ യാതൊരു പ്രശ്നവുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർലമെന്റിൽ ഇതിനകം ചർച്ച ചെയ്ത വിഷയമാണിതെന്നും കോൺഗ്രസിന്റെ നിലപാട് പാർലമെന്റിൽ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആലാപനം ആരും തടഞ്ഞിട്ടില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
സോണിയ ഗാന്ധി കൈ കാണിച്ചത് ആലാപനം നിർത്താനല്ല മറിച്ച് അധ്യക്ഷന് കസേര കൊണ്ടുവരാൻ ആവശ്യപ്പെടാനാണെന്നും ജയറാം രമേശ് വിശദീകരിച്ചു. അധ്യക്ഷൻ കുറെ നേരമായി നിൽക്കുന്നതുകൊണ്ട് ഇരിക്കാൻ കസേര വേണമെന്നാണ് സോണിയ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ന്യായീകരിച്ചു. കേന്ദ്ര സർക്കാർ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ഉത്തരവിട്ടപ്പോൾ അതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു എന്നത് ശ്രദ്ധേയമാണ്.
ആദ്യത്തെ ഈരടികൾ മാത്രം പാടുകയെന്ന പാർട്ടി നിലപാടിന് വിരുദ്ധമായി ഗാനം പൂർണമായി ആലപിക്കുകയായിരുന്നു. ചടങ്ങിനിടയിൽ പാട്ടുകൾ നിർത്താൻ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടെങ്കിലും ആരും അത് മുഖവിലയ്ക്കെടുത്തില്ല. ഈ സംഭവത്തിൽ രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

