ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവർത്തനമാരംഭിച്ചു

0
130

കോഴിക്കോട് : പൊതുജനാരോഗ്യരംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും കോവിഡിനെ വേരോടെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി എംബിഎ ഹോസ്റ്റലില്‍ ആരംഭിച്ച രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിപ എന്ന മഹാമാരിയെ ചെറുത്ത് തോല്‍പിച്ച നമുക്ക് കോവിഡിനെയും അതിജീവിക്കാന്‍ സാധിക്കും. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി ഓരോരുത്തരും പാലിക്കണം. അപകടകരമായ അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ എത്തിക്കരുത്, ജാഗ്രത പാലിക്കുന്നതിന് പകരം നിയന്ത്രണമില്ലാത്ത ഹീനമായ നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാലും ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് പൂര്‍ണമായും സജ്ജമാണ്.

എല്ലാ സംവിധാനങ്ങളോടും കൂടി 380 കിടക്കകളാണ് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് തയ്യാറാക്കിയ കേന്ദ്രം ബീച്ച് ജനറല്‍ ആശുപത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. നഴ്‌സിംഗ് സ്റ്റേഷന്‍, കഫെറ്റീരിയ, റീക്രിയേഷന്‍ റൂം എന്നിവ ഇവിടെയുണ്ട്. കുടുംബശ്രീ വഴിയാണ് ഭക്ഷണം എത്തിക്കുക. സാമ്പിളുകള്‍ ശേഖരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരു റൂമില്‍ രണ്ട് പേരാണ് ഉണ്ടാവുക. ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ഹെഡ് നഴ്‌സ്, അറ്റന്റേഴ്‌സ്, വളണ്ടിയര്‍മാര്‍, സെക്യൂരിറ്റി എന്നിവരുടെ സേവനവും ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.

ചടങ്ങിൽ പി ടി എ റഹീം എം എല്‍ എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ വി, ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here