കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചിരുന്നു.മരിച്ച രണ്ടു സ്ത്രീകളുടെയും കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.തിരുമ്പാടി ലിസ ആശുപത്രിയിൽ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മിംസിൽ ദീപ (42) എന്ന സ്ത്രീയെ ആണ് പ്രവേശിപ്പിച്ചിട്ടുണ്ട്.
