കൊച്ചി: അർധബോധാവസ്ഥയിൽ ലൈംഗിക ബന്ധത്തിന് നൽകുന്ന സമ്മതം അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ലഹരി പാനീയം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് എസ്‌സി, എസ്ടി സ്പെഷ്യൽ കോടതി ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ല. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.
2022 നവംബർ 18ന് ആണ് കേസിനാസ്പദമായ സംഭവം. പ്രതി ലൈബ്രറിയിലേക്ക് വിളിച്ചു വരുത്തി കേക്കും വെളളവും നൽകി. ഈ സമയത്ത് പ്രതി കൂട്ടുകാർക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിരുന്നു. പാനീയവും കേക്കും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങി എന്നുമാണ് യുവതിയുടെ മൊഴി.
അർധബോധാവസ്ഥയിലായ വിദ്യാർത്ഥിനിയെ കോളേജിന്റെ മുകൾ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചതായും ആരോപണമുണ്ട്. അതേസമയം കോളേജ് പഠനകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം വഷളായപ്പോൾ കളളക്കേസ് ചമച്ചതാണെന്നും പ്രതി മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു.

