കോഴിക്കോട്: ലോക പാമ്പ് ദിനത്തിന്റെ മുന്നോടിയായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും മേഖലാ ശാസ്ത്രകേന്ദ്രവും ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘പാമ്പുകള്‍ക്കൊപ്പം ഒരു ദിനം’ ശില്‍പ്പശാല നടത്തി.
അസിസ്റ്റന്റ് സുവോളജിസ്റ്റ് ജാഫര്‍ പാലോട്ട് പാമ്പുകളെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. 104 പാമ്പുകളില്‍ അഞ്ചെണ്ണംമാത്രമേ വിഷമുള്ളതും അപകടകാരികളായതുമെന്നും അദ്ദേഹം പറഞ്ഞു.വിവിധതരം പാമ്പുകളെക്കുറിച്ചും കടിയേറ്റാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചും ക്ലാസെടുത്തു.
കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് കുട്ടികള്‍ ക്ലാസ് കേട്ടത്. പാമ്പുകളെ അടുത്തറിയാനും തൊടാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി.എം. സുരേശന് ശില്പശാല ഉദ്ഘാടനം ചെയ്തു. പ്ലാനറ്റോറിയം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാനസ് ബഗ്ചി അധ്യക്ഷനായി. വി.പി. ജയപ്രകാശ്, കെ.എം. സുനില്‍, ഡോ. പി. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വനശ്രീയിലെ പാമ്പുപിടിത്തക്കാരന് വിവിധതരം പാമ്പുകളെ പ്രദര്‍ശിപ്പിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മ്യൂസിയവും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.