തിരുവന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ ക്രൂര മര്‍ദനം. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ കോളേജിലെ യൂണിയന്‍ റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തല്ലാനായി വിദ്യാര്‍ത്ഥിയെ വെല്ലുവിളിക്കുന്നതും ഈ വീഡിയോയില്‍ കാണാം.
ഭിന്നശേഷിക്കാരന്‍ കൂടിയായ പൂവച്ചല്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാലിന് സുഖമില്ലാത്തതിനാല്‍ മരത്തില്‍ കയറാന്‍ പറ്റില്ലെന്ന് അനസ് പറഞ്ഞു.
അനസിനെയും സുഹൃത്തായ അഫ്‌സലിനെയുമാണ് യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയി മര്‍ദിച്ചത്. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അനസ് പ്രതികരിച്ചു. തന്റെ വൈകല്യമുള്ള കാലില്‍ ചവിട്ടി പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിയാണ് മര്‍ദന വിവരം പുറത്തു പറഞ്ഞാല്‍ രണ്ട് കാലും വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി.