പണ്ടുകാലത്ത് ആയിരത്തിലതികം ലോറികളും പതിനായിരത്തിലതികം തൊഴിലാളികളുമുള്ള നാടായിരുന്നു ആരാമ്പ്രവും കൊട്ടക്കാവയലുമെല്ലാം. കാലം മാറിയതിനനുസരിച്ച് ലോറികളുടെയും ലോറി തൊഴിലാളികളുടെയും എണ്ണത്തില്‍ കുറവ് വന്നെങ്കിലും ഈ പ്രദേശങ്ങള്‍ ലോറി ഗ്രാമമായി നിലനിന്നു. വര്‍ഷത്തില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമായിരുന്നു ഇന്നാട്ടുകാര്‍ നിരനിരയായി നിര്‍ത്തിയിട്ട ലോറികളുടെ അപൂര്‍വ്വ കാഴ്ച കാണാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ദിവസങ്ങളായി ഇത്. കണ്ടു കൊണ്ടിരിക്കുന്നു.
രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് നിരനിരയായി നിര്‍ത്തിയിട്ട ലോറികള്‍ ഇവിടെ കാണാന്‍ തുടങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം ഇന്ത്യ നിശ്ചലമായപ്പോള്‍ ഇന്നാട്ടിലെ നൂറുക്കണക്കായ ലോറി ജീവനക്കാരുടേയും അവരുടെ കുടുംബത്തിന്റെയും ജീവിത അത്താണി കൂടിയാണ് നിശ്ചലമായി പോയത്. പല വീടുകളിലും അന്നും ഇന്നും ഡ്രൈവിങ് തൊഴിലാളികള്‍ തന്നെ. ഇന്ന് പലരും ഗള്‍ഫ് നാടുകളിലേക്ക് പോയെന്നു മാത്രം.
ഇത് ഒരു പ്രദേശത്തിന്റെ മാത്രം അവസ്ഥയല്ല. ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തിലെ മുഴുവന്‍ ലോറി തൊഴിലാളികളും കഷ്ടത്തിലാണ്. ഒരുലക്ഷത്തി പതിനായിരത്തോളം ലോറികളാണ് കേരളത്തിലുള്ളത്. ഒലു ലക്ഷത്തോളം തൊഴിലാളികളുമുണ്ട്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് പതിമംഗലം, ആരാമ്പ്രം ഭാഗത്തുതന്നെ. ലോറി മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ ഹംസ കൊടുവള്ളി പറയുന്നു. ഡീസല്‍ വിലയില്‍ അടിക്കടി വന്ന മാറ്റവും ഇന്‍ഷുറന്‍സ് ഓരോ വര്‍ഷവും വര്‍ധിക്കുന്നതും പ്രതിസന്ധി വര്‍ധിക്കാന്‍ കാരണമാണ്. കൂടാതെ രാജ്യത്ത് പ്രൊഡക്ഷന്‍ കുറയുകയും വാഹനങ്ങളുടെ എണ്ണം കീടുകയും ചെയ്തതോടെ പലര്‍ക്കും ഓട്ടം ലഭിക്കാത്ത അവസ്ഥയായി.
കൊറോണ കൂടി വന്നതോടെ തൊഴിലാളികളുടെ അവസ്ഥ ഏറെ കഷ്ടത്തിലായി. വാഹനങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിയിടേണ്ട അവസ്ഥ വന്നു. വണ്ടിയുടെ ഇന്‍ഷൂറന്‍സ്, ടാക്‌സ്, അടവ് തുടങ്ങി ഒരു പാട് സാമ്പത്തിക ബാദ്യതകള്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും മുകളില്‍ ഭീതി നിറക്കുകയാണ്. സര്‍ക്കാര്‍ ഇന്‍ഷുറന്‍സിലും ടാക്‌സിലും പണം കുറച്ച് സഹായിച്ചാല്‍ മാത്രമേ ഈ മേഖലയ്ക്ക് നിലനില്‍പ്പുള്ളു.

