വടകര: ട്രാഫിക് സിഗ്നലിന്റെ തകരാറു മൂലം വീണ്ടും അപകട മരണം. ഇന്നലെ രാവിലെ കാറിടിച്ച് വ യോധികൻ മരിച്ചതാണ് അവസാനത്തെ ദുരന്തം.സീബ്രാ ലൈനിനു സമീപം ബൈപാസ് ജംക്ഷനിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നു വന്ന വാഹനം വയോധികനെ ഇടിക്കുകയായിരുന്നു.
ജംക്ഷനിൽ നേരത്തേ ഒട്ടേറെ പേർ വാഹനാപകടത്തിൽ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിഗ്നൽ ഇല്ലാത്തതു കൊണ്ട് കാൽനട യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. ദേശീയപാത വികസനം നടക്കുന്നതു കൊണ്ടു ഇപ്പോൾ സിഗ്നൽ നന്നാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
പാത വികസനത്തിന്റെ പണി തുടങ്ങിയിട്ട് 2 വർഷമായി. ദേശീയപാത കടന്നു പോവുന്ന ജംക്ഷൻ ആയതു കൊണ്ട് അപകട സാധ്യത ഏറെയാണ്. അപകടം കൂടുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ പി.കെ.സി.അഫ്സൽ പറഞ്ഞു. ഇവിടെ ട്രാഫിക് പൊലീസിനെ നിയോഗിക്കാറുണ്ടെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

