കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള 13 ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പിൽ തീർത്ത 13 വിഗ്രഹങ്ങൾ പിടിച്ചെടുക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
ആനക്കൊമ്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് ലഭിച്ച അനുമതി റദ്ദാക്കണമെന്നും കൈവശാനുമതി നൽകിയ നടപടി ക്രമം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജെയിംസ് മാത്യു സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചു കൊണ്ട് താരം സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍ നിയമ തടസമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ലാല്‍ ആരോപിക്കുന്നു.
ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ മുഖ്യവനപാലകന്‍ അനുമതി നല്‍കിയിരുന്നു. ഇത് റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശിയായ പൗലോസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് മോഹന്‍ലാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.