കിഫ്ബി മുഖേന 2038 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടന്നു വരുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എല്ലാ സ്‌കൂളും ഹൈടെക്ക് ആകുന്ന ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ആവിഷ്‌കരിച്ച ഉപജീവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നാഷണല്‍ സര്‍വീസ് സ്‌കീം ദത്തെടുത്ത ഗ്രാമങ്ങളില്‍ നിത്യച്ചെലവ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനയി ആവിഷ്‌കരിച്ച പദ്ധതിയാണ് ഉപജീവനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പൊതുവിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്നത്.
വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തിയെടുക്കുന്നതിന് നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കണം. ഇന്ന് സമൂഹം നേരിടുന്ന വിപത്താണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വിദ്യാര്‍ത്ഥികളും യുവാക്കളും മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനും വിദ്യാര്‍ത്ഥികള്‍ രംഗത്തുവരണമെന്ന് മന്ത്രി പറഞ്ഞു. ലഹരിവര്‍ജനത്തിലൂടെ ലഹരിമുക്തകേരളം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 2761 സകൂളുകളിലും 511 കോളേജുകളിലും ലഹരിവിരുദ്ധ ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാധ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ ജേക്കബ് ജോണ്‍ മുഖ്യാതിഥിയായി. പരമ്പരാഗത തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാക്കുക, ദത്ത് ഗ്രാമത്തിലെ കുടുംബങ്ങള്‍ക്ക് ആട്ടിന്‍കുട്ടികളെ നല്‍കല്‍, തയ്യല്‍മെഷീന്‍ വിതരണം, പച്ചക്കറി വിത്തുകളും തൈകളും നല്‍കല്‍, ഉത്പന്നങ്ങള്‍ ബ്രാന്റുകളാക്കി വിപണനം നടത്തുക, വിദ്യാലയങ്ങളില്‍ സ്ഥിരം തയ്യല്‍ പരിശീലനകേന്ദ്രം തുടങ്ങിയ അഞ്ച് കര്‍മപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലയിലെ 139 എന്‍.എസ്.എസ്. യൂണിറ്റുകളിലും ഇത്തരത്തിലുള്ള പദ്ധതികളും തുടര്‍പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ജില്ലയിലെ 139,00 വൊളന്റിയര്‍മാര്‍ സന്നദ്ധസേവനം നല്‍കും.
അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം ഉണ്ണി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ പി.കെ ബീന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി രമണി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത്, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പി. ശ്രീജിത്ത്, പ്രിന്‍സിപ്പാള്‍ പി. സുഹറ, റീജിയണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മനോജ് കണിച്ചുക്കുളങ്ങര, പ്രോഗ്രാം ഓഫീസര്‍ കെ. ഷാജി ആര്‍.ഡി.സി കെ ഗോകുലകൃഷ്ണന്‍, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.വി ശ്രീജന്‍, കൊയിലാണ്ടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ഉണ്ണികൃഷ്ണന്‍, എച്ച്.എം പി.ജി മീന, പി.ടി.എ. പ്രസിഡന്റ് ജെ.എന്‍. പ്രേംഭാസിന്‍, മാനേജര്‍ അഡ്വ കെ.പി മായന്‍, എസ്.എസ്.ജി ചെയര്‍മാന്‍ എ.കെ.എന്‍ അടിയോടി, ഹയര്‍സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി വി.എം നിജീഷ്, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.കെ അബ്ദുള്‍ അസീസ്, വൊളണ്ടിയര്‍ ലീഡര്‍ ഷാന്‍ പ്രകാശ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.