മലപ്പുറം: മലപ്പുറത്ത് നിന്നും കാൽനടയായി ഹജ്ജിന് പോവുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്താനിലേക്ക് കടക്കാൻ അനുമതി ലഭിച്ചിട്ടില്ല. ശിഹാബിന് വേണ്ടി പാക് പൗരൻ നൽകിയ വിസ അപേക്ഷ പാക് ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ പ്രതീക്ഷ കൈവിടാതെ, എംബസിയിൽ നിന്നുള്ള അനുമതി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട് ശിഹാബ്. വിസക്ക് വേണ്ടി സമർപ്പിച്ച അപേക്ഷ പാകിസ്താൻ കോടതി നിഷേധിച്ചത് ഹർജിക്കാരനുമായി ബന്ധമില്ലെന്ന കാരണത്താൽ മാത്രമാണെന്ന് ശിഹാബ് ‘സുപ്രഭാതം’ ഓൺലൈനിനോട് പറഞ്ഞു.
എന്നാൽ ചിലർ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പാകിസ്താൻ തനിക്ക് വീണ്ടും വിസ നിഷേധിച്ചുവെന്ന് പറഞ്ഞ് നടത്തുന്ന പ്രചാരണം ശരിയല്ലെന്നും ഹർജിക്കാരനായ പാക് പൗരന് താനുമായി ബന്ധമില്ലാത്തതിനാൽ മാത്രം ഹർജി തള്ളിയതാണെന്നും ശിഹാബ് പറഞ്ഞു. ചില മാധ്യമങ്ങൾ ഇത് തെറ്റായ വ്യാഖ്യാനിക്കുകയാണ്. മക്കയിലേക്കുള്ള യാത്ര വൈകാതെ തുടരാനാവും. നടപടികൾ പുരോഗമിക്കുകയാണെന്നും ശിഹാബ് പറഞ്ഞു. ജൂൺ രണ്ടിനാണ് മലപ്പുറത്ത് നിന്ന് ശിഹാബ് യാത്ര തിരിച്ചത്.വാഗാ അതിർത്തി വരെ കാൽനടയായി 3000 കിലോമീറ്റർ വരെ ശിഹാബ് സഞ്ചരിച്ചത്. വാഗ അതിർത്തി കടക്കാൻ വിസയില്ലാത്തതിനാൽ പാകിസ്താൻ ഇമിഗ്രേഷൻ അധികൃതർ തടയുകയായിരുന്നു. തുടർന്ന് പാകിസ്താനിലൂടെ നടന്നുപോവാൻ വിസ നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ശിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് എന്നയാൾ ഹർജി സമർപ്പിക്കുകയായിരുന്നു.
ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യൻ സിഖുകാർക്ക് പാകിസ്താൻ സർക്കാർ വിസ നൽകാറുണ്ട്. അത് പോലെ ശിഹാബിനും വിസ അനുവദിക്കണമെന്നും ലാഹോർ നിവാസിയായ താജ് വാദിച്ചു. ശിഹാബിനെയും തീർത്ഥാടകനായി പരിഗണിച്ച് വാഗാ അതിർത്തി വഴി പാകിസ്താനിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്നും താജ് അഭ്യർത്ഥിച്ചിരുന്നു.

