തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണത്തില്‍ മൂന്ന് എക്സൈസ് ജീവനക്കാര്‍ അറസ്റ്റില്‍. എസ്കൈസ് പ്രവന്റീവ് ഓഫിസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ ഓഫിസര്‍ നിധിന് മാധവ് എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് കേസില്‍ ഉള്‍പ്പട്ടെ മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ എക്സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രഞ്ജിത്ത് എക്സൈസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. എക്സൈസ് സംഘം രണ്ടു കിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട്, പാവറട്ടിയിലെ സാന്‍ ജോണ്‍സ് ആശുപത്രിയില്‍ രഞ്ജിത്തിനെ മരിച്ച നിലയിലാണ് എക്സൈസ് എത്തിച്ചത്.
അപസ്മാരത്തെ തുടര്‍ന്നാണ് രഞ്ജിത്ത് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതര്‍ക്ക് വിശദീകരണം നല്‍കിയത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കസ്റ്റഡിമരണം തന്നെയാണെന്ന് ബോധ്യപ്പെടുകയിയരുന്നു.

