കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൂടാതെ, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ആണ് റെഡ് അലര്‍ട്ട്. മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 140 സെ. മീ ഉയര്‍ത്തി. പെരിങ്ങള്‍ക്കുത്തു ഡാമിന്റെ ഇപ്പോള്‍ തുറന്നിരിക്കുന്ന സ്പില്‍വേ ഷട്ടറുകള്‍ക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.
ഇടുക്കി ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രക്ക് താല്‍കാലികമായി നിരോധിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനമേര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോരിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ഖനനവും നിരോധിച്ചു ജലാശയങ്ങളില്‍ മല്‍സ്യബന്ധനം പാടില്ല. ഓഫ് റോഡ് ട്രക്കിംഗ് അഡ്വഞ്ചര്‍ ടൂറിസം വിനോദസഞ്ചാരത്തിനുവേണ്ടിയുള്ള സ്വകാര്യ ബോട്ടിംഗ് എന്നിവ താല്‍ക്കാലികമായി ഒഴിവാക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.
കോട്ടയത്ത് ഉരുള്‍ പൊട്ടിയ ഇരിമാപ്രയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന നിലയിലാണ്. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളില്‍ തഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊല്ലം അഞ്ചല്‍ ഉപ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൊല്ലത്തെ തീരമേഖലയില്‍ കനത്ത കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പുണ്ട്.

