നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പള്‍സര്‍ സുനിക്ക് എതിരെയുള്ളത് ഗുരുതര കുറ്റങ്ങളാണെന്നും അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. സര്‍ക്കാര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ നിലവില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. മറ്റു പ്രതികള്‍ക്കെല്ലാം വിവിധ കോടതികളില്‍നിന്നായി ജാമ്യം ലഭിച്ചു.

