ചിറയന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന് (50) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം. മേയ് 28നാണ് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്.
പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മോഷണം പോയ പാത്രങ്ങള്‍ ചന്ദ്രന്റെ പക്കല്‍നിന്നു കണ്ടെടുത്തെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ മോഷണ കുറ്റത്തിന് ചന്ദ്രനെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് എതിരെ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല. അള്‍സറിന് ചികിത്സ തേടി ചന്ദ്രന് മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ.