വെണ്ണലയിലെ പരിപാടിയിലേക്ക് പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. വിദ്വേഷ പ്രസംഗത്തില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പാണെന്നും എന്നാല്‍ തിടുക്കമില്ലെന്നും കമ്മീഷണര്‍ കൂട്ടിചേര്‍ത്തു.
പി.സി ജോര്‍ജിനുമേല്‍ ചുമത്തിയ കുറ്റങ്ങള്‍ ചെയ്തു എന്ന് തെളിഞ്ഞിട്ടുണ്ട്. സംഘാടകര്‍ ജോര്‍ജിനെ ക്ഷണിച്ചതും ആരാണ് പി.സി ജോര്‍ജിനെ വിളിച്ചത്, എന്തുകൊണ്ടാണ് വിളിച്ചത് എന്നുമെല്ലാം വിശദമായി അന്വേഷിക്കും. വിളിച്ചാല്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞിട്ടും വിളിച്ചതാണ്. അതാണ് അന്വേഷിക്കുന്നത് -കമ്മീഷ്ണര്‍ വ്യക്തമാക്കി.
മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കും.പിസി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്. അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും. ജോര്‍ജ്ജിനെതിരെ ചുമത്തിയ 153 A, 295 A വകുപ്പുകള്‍ നിലനില്‍ക്കും.ജോര്‍ജിന്റെ അറസ്റ്റുണ്ടാകും പക്ഷേ തിടുക്കമില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

