വാഗമണ്ണിൽ കഴിഞ്ഞ ദിവസം നടന്ന ഓഫ് റോഡ് റൈഡിൽ പങ്കെടുത്തതിൽ നടൻ ജോജു ജോർജിനെതിരെ കേസ്. സംഭവത്തിൽ സംഘാടകർക്കും നടനുമെതിരെ കേസെടുക്കണമെന്ന കെ എസ് യുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
നടന് പുറമെ വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും കാണാനെത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വാഗമൺ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം തേയില തോട്ടത്തിലാണ് റൈഡ് നടന്നത്. സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് നടത്തിയതെന്നും കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് നൽകിയ പരാതിയിൽ പറയുന്നു.
ജോജു ജോര്ജു റൈഡ് നടത്തുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പരാതി. സംഘടകരുടെ അതിഥിയായാണ് ജോജു എത്തിയത്. ജോജുവിന്റെ പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നായ ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ് നടത്തിയത്. ഓഫ്റോഡ് മാസ്റ്റേഴ്സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.