യുക്രൈൻ യുദ്ധത്തിൽ റഷ്യയോട് മൃദു സമീപനം സ്വീകരിക്കുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി യു എസ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ഠാവ് ദലീപ് സിംഗ്. ഇന്ത്യയും ചൈനയും അതിർത്തി പ്രശ്നം വരുമ്പോൾ റഷ്യ ഇന്ത്യക്കൊപ്പമുണ്ടാവില്ലെന്ന് ദലീപ് സിംഗ് പറഞ്ഞു.
‘ആരും സ്വയം കളിയാക്കരുത് ചൈനയുമായുള്ള ഈ ബന്ധത്തിൽ റഷ്യ ജൂനിയർ പങ്കാളിയാവാൻ പോവുകയാണ്. റഷ്യയുടെ മേൽ ചൈന എത്ര മേൽ സ്വാധീനം നേടുന്നോ അത്രയും ഇന്ത്യയ്ക്കത് ഹിതകരമല്ല. ചൈന വീണ്ടും നിയന്ത്രണ രേഖ ലംഘിച്ചാൽ ( ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) ഇന്ത്യയുടെ പ്രതിരോധത്തിന് റഷ്യ ഓടിയെത്തുമെന്ന് ആരും വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല,’ ദലീപ് സിംഗ് പറഞ്ഞു. ഇത്തരം സാഹചര്യം മുന്നിൽ കണ്ട് ലോക രാജ്യങ്ങൾ പ്രത്യേകിച്ച് ക്വാഡ് സഖ്യം ഒരുമിച്ച് നിൽക്കുകയും യുക്രെയ്ൻ വിഷയത്തിൽ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും ദലീപ് സിംഗ് കൂട്ടിച്ചേർത്തു
ഡൽഹിയിൽ നടത്തിയ സന്ദർശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. റഷ്യക്കെതിരെ യു എസ് ഏർപ്പെടുത്തിയ വിലക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ച നിർണായക വ്യക്തിത്വമാണ് ഇന്ത്യൻ വംശജനായ ദലീപ് . ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും സാമ്പത്തിക, വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായും ഇദ്ദേഹം ചർച്ച നടത്തി.
യു എസ് ഉൾപ്പെടയുള്ള രാജ്യങ്ങൾ റഷ്യക്ക് വിലക്കേർപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തപോളും ഇരുപക്ഷവും ചർച്ച ചെയ്ത് സമാധാനപരമായി കാര്യങ്ങൾ പരിഹരിക്കാമെന്നായിരുന്നു ഇന്ത്യൻ നിലപാട്. വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ ഉൾപ്പെടെ ആവശ്യപ്പെട്ടപോളും ഇന്ത്യ റഷ്യയെ പിണക്കിയില്ല എന്ന് മാത്രമല്ല അവരോട് ക്രൂഡ് ഓയിൽ വാങ്ങുകയും ചെയ്തു.
യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്ക് മേൽ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുമായുള്ള ഇടപാടിന് പല രാജ്യങ്ങളും മടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ എണ്ണ ഇടപാടിന് തയ്യാറായത്. ഇക്കാര്യങ്ങളുൾപ്പെടെ മുൻ നിർത്തി നേരത്തെ അമേരിക്കൻ പ്രസിഡന്റ് ബൈഡനും പരാമർശം നടത്തിയിരുന്നു. ക്രൂഡ് ഓയിലിന് റഷ്യ ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് ഇന്ത്യ ഇതിന് തയ്യാറായത്.
അമേരിക്കയും സഖ്യ രാജ്യങ്ങളും റഷ്യക്കെതിരെ രംഗത്ത് വന്നപോളും ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ലെന്നും നിലപാടിൽ ഒരു ചാഞ്ചാട്ട മുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ അംഗമായ ക്വാഡ് സഖ്യത്തിൽ ഇന്ത്യയൊഴികെയുള്ള രാജ്യങ്ങൾ ശക്തമായി റഷ്യക്കെതിരെ നിലപാടെടുത്തെന്നും ബൈഡൻ വ്യക്തമാക്കി.

