ആലപ്പുഴ : 67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് പുന്നമടക്കായലില്‍ അരങ്ങേറും. വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ സച്ചിനാണ് മുഖ്യാതിഥിയായെത്തുന്നത്. കാലവര്‍ഷ കെടുതി മൂലം മാറ്റി വെച്ച നെഹ്രു ട്രോഫി വളളം കളി ഇത്തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിനും ഇന്ന് തുടക്കമാകും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് ഓടെ മത്സരങ്ങള്‍ ആരംഭിക്കും. 81 വള്ളങ്ങളാണ് ഇത്തവണ നെഹ്രു ട്രോഫിയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ 23 ചുണ്ടന്‍വള്ളങ്ങളും മത്സരിക്കും.
വെപ്പ് എ വിഭാഗത്തില്‍ 12 വള്ളങ്ങളും, വെപ്പ് ബി വിഭാഗത്തില്‍ ആറ് വള്ളങ്ങളും, ഇരുട്ടുകുത്തി എ ഗ്രേഡ് 4 വള്ളങ്ങളും, ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങളും, ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ 10 വള്ളങ്ങളും, നാല് ചുരുളന്‍ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും, ഉള്‍പ്പെടെ 58 ചെറുവള്ളങ്ങള്‍ ആണ് മത്സരരംഗത്തുള്ളത്.
നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

