കല്ലുരുട്ടിയിലെ എസ്എംഎ. ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സംഘടിപ്പിച്ച കാരുണ്യ വാദ്യധ്വനിക്ക് പൊതുജനങ്ങളുടെ മികച്ച പിന്തുണ.
കല്ലുരുട്ടി: കലയും കാരുണ്യവും കൈകോർത്തപ്പോൾ ചെണ്ടമേളം കാരുണ്യത്തിന്റെ സന്ദേശമായി മാറി. കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കാരുണ്യ വാദ്യധ്വനി’ ശ്രദ്ധേയമായി.
ചെണ്ടമേളം അവതരിപ്പിച്ചുകൊണ്ട് പൊതുജനങ്ങളിൽ നിന്ന് ചികിത്സാ സഹായം അഭ്യർത്ഥിച്ച സമിതിയുടെ വേറിട്ട പ്രവർത്തനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വാദ്യകലയുടെ താളത്തിനൊപ്പം കാരുണ്യത്തിന്റെ സന്ദേശവും ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സംരംഭത്തിലൂടെ സാധിച്ചു.
പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച തുക അന്നുതന്നെ ചികിത്സാ സഹായ സമിതിക്ക് കൈമാറി.
സാമ്പത്തിക സഹായത്തിന്റെ വലുപ്പത്തിലല്ല, ഒരു നല്ല ലക്ഷ്യത്തിനായി ഒത്തൊരുമയോടെ കൈകോർത്ത മനസ്സുകളിലാണ് ഈ പ്രവർത്തനത്തിന്റെ മഹത്വമെന്ന് സമിതി അഅഭിപ്രായപ്പെട്ടു. കാരുണ്യ സംരംഭത്തോട് സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മുഴുവൻ സുമനസ്സുകൾക്കും ചാത്തമംഗലം തിറയാട്ട കലാസമിതി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

