ബിജെപിയ്ക്ക് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദബരം. കേന്ദ്രം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി ചിദംബരം രംഗത്തെത്തിയത്.
‘പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിസഭാ യോഗം ചേരാതെയാണെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ? ബിജെപിയുടെ കീഴില്‍ മാത്രമേ മന്ത്രിസഭയുടെ അംഗീകാരമില്ലാതെ നിയമങ്ങള്‍ നിര്‍മ്മിക്കാനും ഇല്ലാതാക്കാനുമൊക്കെ സാധിക്കുകയുള്ളൂ”. ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെയും ചിദംബരം വിമര്‍ശിച്ചു. കഴിഞ്ഞ 15 മാസമായി ഈ നേതാക്കളെല്ലാം എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റേത് മനംമാറ്റമല്ലെന്നും തിരഞ്ഞെടുപ്പ് പേടി മാത്രമാണെന്നും ചിദംബരം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

