കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കനത്തെ മഴയെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. കാസര്‍കോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു.
വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലിലീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്റൂമുകള് ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നല്‍കിയിട്ടുണ്ട്. എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടില്‍ എല്ലാവര്ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും എമെര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്തൊട്ടാകെ 17 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്താകെ രണ്ടു വീടുകള്‍ പൂര്‍ണമായും 34 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു.