മലപ്പുറം: കൊണ്ടോട്ടിയില്‍ നവവധുവായ 19കാരി ഷഹാന മുംതാസ് തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ഷഹാനയ്ക്ക് കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് ഭര്‍ത്താവ് അബ്ദുള്‍ വാഹിദും ഭര്‍തൃവീട്ടുകാരും പരിഹസിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
വിവാഹ ബന്ധത്തില്‍ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്റെ ഉമ്മ ചോദിച്ചുവെന്നും വാഹിദിന്റെ ഉമ്മയുടെ കാലില്‍ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം നടന്നത്.
എന്നാല്‍ വിവാഹത്തിന് ശേഷം ഷഹാന നേരിട്ടത് വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു. നിറത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഷഹാനയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവ് നേരിട്ടുതന്നെ ഷഹാനയെ പലതും പറഞ്ഞ് അപമാനിച്ചിരുന്നു.
ഭര്‍ത്താവ് വാഹിദ് ഒരുമാസം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയതിന് ശേഷം ഗള്‍ഫില്‍വച്ചും വിളിക്കുമ്പോഴെല്ലാം നിറത്തിന്റെ പേരില്‍ ഷഹാനയെ അധിക്ഷേപിച്ചു. നിറം കുറവാണെന്നും, കറുപ്പാണെന്നും, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് വാഹിദിന്റെ അധിക്ഷേപം തുടര്‍ന്നു.
ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്താലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ ഷഹാനയെ വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെയാണ് വാതില്‍ ചവിട്ടിപ്പൊളിച്ചത്. അയല്‍വാസികള്‍ ഉള്‍പ്പെടെ എത്തി ഷഹാനയുടെ മുറിയുടെ വാതില്‍ പൊളിച്ചപ്പോള്‍ ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി.