
മലമുകളില്‍ സ്ഥാപിച്ച കുരിശിനെ അനാദരിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുത്തെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകള്‍. കോഴിക്കോട് കക്കാടംപൊയിലില്‍ വാളംതോട് കുരിശുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കള്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോയെടുത്തിരുന്നു. ഇത് നാട്ടുകാരിൽ ചിലര്‍ ചോദ്യം ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുവാക്കളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു.
കുരിശിനു ചുറ്റും നൃത്തം വെയ്ക്കുന്നതിന്റെയും അതിനു മുകളിൽ കയറി ഇരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. കുരിശിനെ അധിക്ഷേപിക്കുന്ന നടപടികളാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ കെ.സി.വൈ.എം താമരശ്ശേരി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. അതേസമയം ഇവിടുന്നെടുത്തതല്ലാത്ത ചിത്രങ്ങളും കക്കാടം പൊയിലിലേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ചിലര്‍ വിദ്വേഷപ്രചരണവും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

