സംസ്ഥാനത്ത് സെപ്റ്റംബർ 23 മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സെപ്റ്റംബർ 25 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
ഇന്ന് സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. നാളെ (സെപ്റ്റംബർ 23) തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, മറ്റന്നാൾ വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ പടിഞ്ഞാറൻ – മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ തീവ്ര ന്യൂനമർദ്ദമായി മാറി സെപ്റ്റംബർ 23-ഓടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരങ്ങൾക്ക് സമീപമെത്താൻ സാധ്യതയുണ്ട്. കൂടാതെ തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയും കേരളത്തിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദ പാത്തിയും മഴയുടെ ശക്തി കൂട്ടുന്നു.

