പെരുവയൽ: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും പ്രതിസന്ധി മറികടക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം പി. സി. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സർക്കാറിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. മുന്നറിയിപ്പുകളില്ലാതെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് കൊടുംചൂടിൽ ജനങ്ങളെ അങ്ങേയറ്റം വലക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി ടി. പി. ഷാഹുൽ ഹമീദ് (പ്രസിഡൻ്റ്), ടി. സലീം (സെക്രട്ടറി), സമദ് നെല്ലിക്കോട് (ട്രഷറർ), മൈമൂന ടീച്ചർ (വൈസ് പ്രസിഡൻ്റ്), റഹ്മാൻ കുറ്റിക്കാട്ടൂർ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് മണ്ഡലം സെക്രട്ടറി അൻഷാദ് മണക്കടവ് നേതൃത്വം നൽകി.
സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് സ്വാഗതവും ടി. സലീം നന്ദിയും പറഞ്ഞു.

