പുല്പള്ളി: കോടതി സൂക്ഷിക്കാനേൽപ്പിച്ച ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളായ ഹാൻസ് പോലീസ് സ്റ്റേഷനിൽനിന്ന് മോഷണംപോയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിതിരിവ്. സ്റ്റേഷനിലെ തൊണ്ടിമുതൽ കടത്തിയത് പോലീസുകാരൻ തന്നെയാണെന്നതിന്റെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് ഈ കണ്ടെത്തൽ. സംഭവത്തിനു പിന്നാലെ പോലീസുകാരൻ ഒളിവിൽ പോയതായാണ് വിവരം.
ജൂൺ 26-ന് കോടതിയിൽനിന്ന് തിരികെ സ്റ്റേഷനിലെത്തിച്ച് സ്റ്റോർമുറിയിൽ പൂട്ടിസൂക്ഷിച്ചിരുന്ന ചാക്കുകളാണ് രാത്രിയുടെ മറവിൽ കടത്തിയത്. രാത്രി ഡ്യൂട്ടിയിലുള്ളവരുടെ മാത്രം സാന്നിധ്യമുള്ള സമയത്ത് സ്റ്റേഷനുള്ളിലേക്ക് വാഹനം കയറ്റിയാണ് കൂറ്റൻ ചാക്കുകൾ കടത്തിയത് എന്നാണ് വിലയിരുത്തൽ. സ്റ്റേഷനുള്ളിലുള്ളവരുടെ സഹായമില്ലാതെ പുറമേനിന്നൊരാൾക്ക് ഇത്രയും വലിയ അളവിൽ തൊണ്ടിമുതൽ കടത്താൻ സാധിക്കില്ല എന്നതിനാൽ സഹപ്രവർത്തകരുടെ പങ്കാളിത്തവും അന്വേഷണ സംഘം കർശനമായി പരിശോധിക്കുന്നുണ്ട്. മുൻപ് സമാനമായ കേസിൽ പിടിയിലായ ചിലരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
വിചാരണ നീണ്ടുപോകുമെന്നോ തൊണ്ടിമുതൽ നശിപ്പിക്കുന്ന ഘട്ടത്തിൽ കണക്കുകൾ പരിശോധിക്കില്ലെന്നോ ഉള്ള ധാരണയിലാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നത്. അന്വേഷണം കൃത്യമായ വഴിയിലാണെന്നും കുറ്റക്കാരെ ഉടൻ നിയമത്തിന് മുന്നിലെത്തിക്കുമെന്നും ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം വ്യക്തമാക്കി.

