കുന്ദമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGS) 2025–26 സാമ്പത്തിക വർഷത്തിൽ 100 പ്രവൃത്തിദിനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 592 തൊഴിലാളികൾക്കുള്ള അലവൻസ് വിതരണവും മുതിർന്ന തൊഴിലാളിയെ ആദരിക്കലും നടന്നു. 100 ദിനം പൂർത്തിയാക്കിയവരിൽ ഏറ്റവും മുതിർന്ന തൊഴിലാളിയായ വാർഡ് 16 (പൈങ്ങോട്ടുപുറം) സ്വദേശിനി മാധവി അമ്മയെ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. ഹിതേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് തൊഴിലാളികൾക്കുള്ള അലവൻസ് വിതരണ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ MGNREGS അക്രഡിറ്റഡ് എൻജിനീയർ ദാനിഷ് എൻ.പി. അധ്യക്ഷത വഹിച്ചു. AITA ഉബൈദ് ജി.കെ. സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ സുലൈഖ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൗമ്യ എം. പരിപാടിക്ക് നന്ദി പറഞ്ഞു.

