തൃശൂർ: കാറളത്ത് 79കാരി സാവിത്രിയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ റാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെ ഇയാൾ അതിക്രൂരമായിട്ടാണ് കൊലപാതകം നടത്തിയത്. വീട്ടുകാർ പുറത്തുപോകുന്നത് കണ്ട പുറമെയുള്ള ഏക ആൾ അയൽവാസിയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരുടെ തന്നെ വാടകവീട്ടിൽ താമസിച്ചിരുന്ന ആളാണ് റാഫി. പ്രവാസി മലയാളിയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ആയിരുന്നു കൊലപാതകം നടത്തിയതെന്നാണ് വിവരം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് സാവിത്രിയുടെ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ മകനും മരുമകളും പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. വീട്ടിൽ തനിച്ചായിരുന്ന വയോധികയെ അവർ ഉടുത്തിരുന്ന സാരിയുടെ തുമ്പ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സാവിത്രി ധരിച്ചിരുന്ന വളകളും മാലയും മോതിരവുമടക്കം 16 പവനോളം സ്വർണാഭരണങ്ങൾ പ്രതി കവർന്നു.
വിരലടയാളം പതിയാതിരിക്കാൻ പ്രതി കൃത്യം നടത്തുമ്പോൾ ഗ്ലൗസ് ധരിച്ചിരുന്നു. കൂടാതെ, പൊലീസ് അന്വേഷണവും ഡോഗ് സ്ക്വാഡിനെയും വഴിതെറ്റിക്കാനായി വീട്ടിനുള്ളിൽ മുളകുപൊടി വിതറുകയും ചെയ്തു. സ്കൂൾ വിട്ട് വൈകീട്ട് നാലരയോടെ വീട്ടിലെത്തിയ സാവിത്രിയുടെ പേരക്കുട്ടിയാണ് മുത്തശ്ശിയെ കട്ടിലിൽ മരിച്ച നിലയിൽ ആദ്യം കണ്ടത്.

