കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏകദേശം 12 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാരന്തൂര്‍ മര്‍കസിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം രണ്ട് കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പാക്കറ്റുകള്‍ ചാക്കില്‍ കെട്ടി പൊന്തക്കാടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജാബിര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം രാജ്, അരുണ്‍ പ്രസാദ്, ഹോം ഗാര്‍ഡ് മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കഞ്ചാവ് ഒളിപ്പിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് പറഞ്ഞു.

