തിരുവനന്തപുരം; സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ വിദേശത്തുള്ള അതിജീവിതയ്ക്ക് എതിരെയാണു ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. നിയമപരമായി ലഭ്യമാകുന്ന സംരക്ഷണം അതിജീവിത ദുരുപയോഗം ചെയ്തു എന്നാണ് ശ്രീനാദേവിയുടെ പരാതി.
ഒരു സ്ത്രീ എന്ന നിലയിൽ, പരാതിക്കാരി എന്ന നിലയിൽ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തുകൊണ്ടാണ് പരാതി നൽകിയതെന്നാണു ശ്രീനാദേവിയുടെ ആക്ഷേപം. അതേസമയം അതിജീവിത നൽകിയ പരാതിയിൽ ഇതുവരെയും പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വിളിപ്പിച്ചാൽ അന്വേഷണത്തിനോടു സഹകരിക്കുമെന്നും ശ്രീനാദേവി മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. പീഡനക്കേസുകളിൽ പരാതി നൽകുന്ന സ്ത്രീകൾക്ക് നിയമം അനുശാസിക്കുന്ന പരിരക്ഷ ലഭിക്കണമെന്നാണു പക്ഷം. എന്നാൽ അത് ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യരുതെന്നും ശ്രീനാദേവി വിശദീകരിച്ചു.
ചൊവ്വാഴ്ചയാണ് സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് ജനപ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മ ‘അതിജീവിതനൊപ്പം’ എന്നു പരാമർശിച്ചു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്. തുടർന്ന് സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു.

