മലപ്പുറം: കേരളത്തെ കണ്ണീരിലാഴ്ത്തിയ നിലമ്പൂര്‍ കവളപ്പാറ ദുരന്തത്തിന് ഇന്ന് ആറു വര്‍ഷം തികയുന്നു. 2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയിലാണ് കവളപ്പാറ മുത്തപ്പന് മലയുടെ ഒരു ഭാഗം അടര്‍ന്നുവീണ് ഒരു ഗ്രാമത്തെ ഇല്ലാതാക്കിയത്. ആറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ആ നടുക്കുന്ന ഓര്‍മ്മയിലാണ് ഈ മലയോര ഗ്രാമം
59 ജീവനുകളാണ് അന്നാരാത്രി ഒന്ന് ഓടി പോകാന്‍ പോലും കഴിയാതെ ഈ മുത്തപ്പന് കുന്നില്‍ പൊലിഞ്ഞുപോയത്. അതില്‍ 11 പേര് ഇപ്പോഴും ഈ കുന്നിനടിയിലുണ്ട്. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത രാത്രിയായിരുന്നു അന്ന്. നിസ്സഹായരായ മനുഷ്യര്‍ക്കുമേല്‍ കല്ലും മണ്ണും വെള്ളവും പതിച്ച ആ രാത്രിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍. ഇപ്പോഴും ഉള്ളില്‍ ഒരു വിങ്ങലാണ് ഈ നാട്ടുകാര്‍ക്ക്.മുത്തപ്പന് കുന്ന് ഇടിഞ്ഞു താഴ്ന്നുവന്ന കൃഷിയിടം ഇപ്പോഴും കാടുമൂടി കിടക്കുകയാണ്
തെങ്ങ്,കവുങ്ങ് കൃഷി ചെയ്തിരുന്ന പാടം പോലെയുള്ള ഭൂമിയായിരുന്നു 15 ഏക്കര്‍ ഭൂമി കവളപ്പാറ തോടിനും റോഡിനും ഒക്കെ ഇടയിലുള്ള ഭൂമി. ആ ഭൂമിയിലേക്കാണ് മുത്തപ്പന് മല ഊര്‍ന്നിറങ്ങിയത്. മണ്‍കൂനകളായി ആകെ കാടുമൂടി കിടക്കുന്നു ഇപ്പോള്‍. ഏതാണ്ട് 72 ഓളം കുടുംബങ്ങള്‍ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ട്. മണ്ണ് കുമിഞ്ഞു കൂടി കാടുമുടിയ ഏക്കര്‍ കണക്കിന് വരുന്ന കൃഷിസ്ഥലം.കൃഷി ചെയ്യാന്‍ യോഗ്യമാക്കി തരണമെന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് കവളപ്പാറ നിവാസികള്‍ക്ക് മുന്നോട്ടുവയ്ക്കാനുള്ളത്.

