”ഒരാള്‍ പോലും കേരളത്തില്‍ വിശന്നിരിക്കേണ്ടിവരില്ല” കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ വാക്കുകളായിരുന്നു ഇത്. കേവലം പ്രഖ്യപനങ്ങള്‍ എന്നതിലുപരി കൊറോണ എന്ന വൈറസിനെതിരെയുള്ള പോരാട്ടത്തിന് കേരളത്തെ ഒരുമിപ്പിക്കുന്ന വാക്കുകള്കൂടിയായിരുന്നു ഇത്. ഈ പ്രഖ്യാപനത്തിന് ശേഷം ഇതെല്ലാം നടക്കുമോ എന്ന സംശയം പലരിലും ഉണ്ടായിരുന്നു. എന്നാല്‍ കേരളം ഒരിക്കല്‍ക്കൂടി ഇന്ത്യക്ക് മാതൃകയായി. കണ്ണടച്ച് തുറക്കുന്നതിനിടയിലായിരുന്നു ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒപ്പം ഉള്ളവര്‍ ഒരിക്കലും വിശന്നിരിക്കരുത് എന്നുള്ള ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിച്ചത്.
ആളുകള്‍ക്ക് ഭക്ഷണം ചോദിക്കാന്‍ മടിയുണ്ടാവും അതിനാല്‍ പൊതുവായൊരു ഫോണ്‍ നമ്പര്‍ ഇതിനായി തയ്യാറാക്കുക, കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളെയും ഇതില്‍ ഉള്‍പ്പെടുത്തുക എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഒരു മനുഷ്യസ്നേഹിയുടെ കരുതല്കൂടിയായാണ് കേരളം കണ്ടത്. ഇന്നലെ രാത്രി ഭക്ഷണത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. പല സ്ഥലങ്ങളിലും പ്രവര്‍ത്തനത്തിനുള്ള അവസാന ഒരുക്കങ്ങളിലുമാണ്. പഞ്ചായത്തില്‍ നിന്ന് 200 ആംഗങ്ങള്‍ വീതവും മുസിപ്പാലിറ്റിയില് നിന്ന് 500 അംഗങ്ങള്‍ വീതവും ഇതിനായി പ്രവര്‍ത്തിക്കും, സാമൂഹിക അടുക്കളയില്‍ നിന്ന് ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കും. കൂടാതെ അടുക്കളയിലേക്ക് പലവ്യഞ്ജനങ്ങള്‍ കൊണ്ടുവരുന്നതും ഇവരുടെ ജോലിയാണ്. പുറത്ത് പോയി ആഹാരസാദനങ്ങള് വാങ്ങാന്‍ കഴിയാത്തവരെ ഇവര്‍ സഹായിക്കുകയും ചെയ്യും.
കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശയത്തിലൂടെ കേരളം ഒരിക്കല്‍ക്കൂടി ലോകത്തിന് മാതൃകയാവുകയാണ്. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ദേയമായ മുതിര്‍ന്ന് മാധ്യമ പ്രവര്ത്തകന് രാജീവ് സര്‍ദേശായിയുടെ വാക്കുകള്‍ ഇതായിരുന്നു. ‘ ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കണം’ ്. അതെ ഇതും നമ്മള് അതിജീവിക്കും.

