ലഖ്നൗ: മുസ്ലിം എം.എല്‍.എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ മുസ്ലിം എം.എല്‍.എ സയ്യദ ഖാത്തൂനിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രവൃത്തി നടന്നത്. യുപിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം.
ഞായറാഴ്ച ബല്‍വ ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സംയ മാതാ ക്ഷേത്ര ഭരണസമിതി തന്നെ ക്ഷണിച്ചിരുന്നതായി ഡൊമാരിയഗഞ്ചില്‍ നിന്നുള്ള നിയമസഭാംഗമായ സയ്യദ ഖാത്തൂന് പറഞ്ഞു. പരിപാടിക്ക് ശേഷം പ്രാദേശിക പഞ്ചായത്ത് ചെയര്‍മാനും ഹിന്ദു സംഘടനാ അംഗങ്ങളും ചേര്‍ന്ന് ക്ഷേത്രത്തിലെത്തി ഗംഗാജാലം തളിക്കുകയും ഹനുമാന് ചാലിസ ചൊല്ലുകയും എസ്പി നേതാവിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. മാത്രമല്ല, ഞാനൊരു ജനപ്രതിനിധിയാണ്. ക്ഷേത്രമായാലും പള്ളിയായാലും എന്നെ ക്ഷണിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും അവിടെ പോകും.’ സയ്യദ പ്രതികരിച്ചു.