കൊച്ചി ∙ സംസ്ഥാനത്ത് ഒരിടത്തും ബോട്ടുകളിൽ ഓവർലോഡിങ് അനുവദിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. താനൂർ ബോട്ട് ദുരന്തത്തെ തുടർന്നു സ്വമേധയാ എടുത്ത കേസാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പരമാവധി കയറ്റാവുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ വിവരം ബോട്ടിൽ കയറുന്ന, ഇറങ്ങുന്ന സ്ഥലങ്ങൾ, ക്യാബിനുകൾ, അപ്പർ, ലോവർ ഡെക്കുകൾ എന്നിവിടങ്ങളിൽ ഇംഗ്ലിഷിലും മലയാളത്തിലും രേഖപ്പെടുത്തണം. ബോട്ടിലെ യാത്രക്കാരെ സംബന്ധിച്ചുള്ള റജിസ്റ്റർ സൂക്ഷിക്കണമെന്ന അമിക്കസ് ക്യൂറിയുടെ നിർദേശം പരിഗണിക്കണം.. ഇതെങ്ങനെ നടപ്പാക്കാമെന്നു കോടതിയെ അറിയിക്കണം.
അനുവദനീയമായ പരിധിയിൽ യാത്രക്കാരെ കയറ്റുന്നതു സംബന്ധിച്ചു ബോട്ടിന്റെ ഡ്രൈവർ/ സ്രാങ്ക് /ലാസ്കർ/ മാസ്റ്റർ എന്നിവർക്കായിരിക്കും ഉത്തരവാദിത്തം. ഇക്കാര്യത്തിൽ അധികൃതർ നിയമലംഘനം കണ്ടെത്തിയാൽ ഇവർക്കായിരിക്കും ഉത്തരവാദിത്തം. അനുവദനീയമായ സ്ഥലത്തു മാത്രം യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാവൂ. അല്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡ് വയ്ക്കണമെന്നും കോടതി നിർദേശിച്ചു. എല്ലാ ബോട്ടുകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് ഉറപ്പാക്കണം. അഡ്വക്കറ്റ് ശ്യാം കുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

