ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കല്‍ തുടരുന്നു. രാജ്യസഭ എംപി സുസ്മിത ദേവാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. എംപി സ്ഥാനവും രാജിവെച്ചിട്ടുണ്ട്. 61 എംഎല്‍എമാര്‍ മമതക്കെതിരെ നിലപാടെടുത്ത് വിമതഗ്രൂപ്പ് രൂപീകരിച്ചതിന് പിന്നാലെയാണ് എംപിമാരില്‍ നിന്നും കൊഴിഞ്ഞു പോക്ക് ആരംഭിച്ചത്. ലോക്സഭയിലെ 20 എംപിമാര്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് സുസ്മിത ദേവ് രാജിവെച്ചിരിക്കുന്നത്. രാജിവെച്ച സുസ്മിത ബിജെപിയിലേക്കാണെന്നാണ് സൂചന.
രാജി സമര്‍പ്പിച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി സുസ്മിത ദേവ് ചര്‍ച്ചചെയ്തു. സുസ്മിത ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. അസമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരു ലോക്സഭാ മണ്ഡലത്തില്‍ സുസ്മിത ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്. തന്റെ രാഷ്ട്രീയ ഭാവി ബംഗാളിലല്ല, അസമിലാണെന്ന് സുസ്മിത മാധ്യമങ്ങളോട് പ്രതികരിച്ചു. രാജിക്ക് പിന്നില്‍ വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടെന്നും ഒരേസമയം രണ്ട് തോണിയില്‍ സഞ്ചരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ മമത ബാനര്‍ജിയെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ സുസ്മിത തയ്യാറായില്ല.

